പരവൂർ: ദക്ഷിണ റെയിൽവേ 30 സ്റ്റേഷനുകളിൽ കൂടി ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം ഏർപ്പെടുത്തുന്നു. ഇതിൽ രണ്ടെണ്ണം കേരളത്തിലാണ്. കോഴിക്കോട്, തൃശൂർ സ്റ്റേഷനുകളിൽ ഉടൻ ഈ സംവിധാനം നിലവിൽ വരും. സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം ലഭ്യമാണ്.
ഡിജിലോക്കറുകൾ യാത്രക്കാർക്കു സ്വയം പ്രവർത്തിപ്പിക്കാവുന്ന സംവിധാനമാണ്. മൊബൈൽ അപ്ലിക്കേഷനുമായി ബന്ധപ്പെട്ടാണ് ഇതിന്റെ പ്രവർത്തനം. മൊബൈൽ ഫോണുകളിൽ വരുന്ന ഒടിപി നമ്പരുകൾ ഉപയോഗിച്ച് മാത്രമേ ഡിജിറ്റൽ ലോക്കറുകൾ തുറക്കാൻ സാധിക്കുകയുള്ളൂ. ലഗേജുകൾ തിരിച്ചെടുക്കാനും ഈ ഒടിപി തന്നെ ഉപയോഗിക്കണം.
മിനിമം വലുപ്പമുള്ള ലോക്കറുകൾക്ക് ആറു മണിക്കൂറിന് 60 രൂപയാണ് നിരക്ക്. പത്ത് ബാഗുകൾ വരെ ഉൾപ്പെടുത്താവുന്ന വലിയ ഡിജിറ്റൽ ലോക്കറിന് ഒരു ദിവസത്തേക്ക് 300 രൂപ വാടകയായി ഈടാക്കും.
പ്രമുഖ നഗരങ്ങളിൽ യാത്ര ചെയ്യാനെത്തുന്ന വിനോദസഞ്ചാരികൾ, തീർഥാടകർ, ബിസിനസുകാർ തുടങ്ങിയവർക്ക് ഈ ലോക്കർ സൗകര്യം ഏറെ സഹായകമാകുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ വ്യക്തമാക്കി.
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുന്ന ചെന്നൈ സെൻട്രൽ, കാട്പാഡി, തിരുച്ചിറപ്പള്ളി, തിരുവില്വാമലൈ അടക്കമുള്ള സ്റ്റേഷനുകളിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ലഭ്യമാണ്. കർണാടകയിലെ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലും ഇത് ഉടൻ നടപ്പാക്കുമെന്നും അധികൃതർ പറഞ്ഞു.